This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

ചലച്ചിത്ര അക്കാദമി ആസ്ഥാനം

ചലച്ചിത്രം, ടെലിവിഷന്‍, ഡോക്യുമെന്ററി എന്നിവയുടെ പരിപോഷണവും പ്രചാരണവും ലക്ഷ്യമാക്കി കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം. ഇന്ത്യയിലാദ്യമായി ചലച്ചിത്ര അക്കാദമി സ്ഥാപിക്കപ്പെട്ടത് കേരളത്തിലാണ്. 1998-ല്‍ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിച്ച ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ചെയര്‍മാന്‍ ഷാജി. എന്‍. കരുണ്‍ ആയിരുന്നു. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന 21 അംഗ ജനറല്‍ കൗണ്‍സിലാണ് അക്കാദമിയുടെ ഭരണം നിര്‍വഹിക്കുന്നത്. ചലച്ചിത്ര-ടെലിവിഷന്‍ മാധ്യമ സംബന്ധിയായ നയരൂപീകരണത്തിന് സര്‍ക്കാരിനെ സഹായിക്കുക, അന്തര്‍ദേശീയ, ദേശീയ ചലച്ചിത്ര മേളകള്‍ സംഘടിപ്പിക്കുക, ചലച്ചിത്ര-ടെലിവിഷന്‍ അവാര്‍ഡുകളുടെ നിര്‍ണയവും വിതരണവും നടത്തുക, ചലച്ചിത്ര വ്യവസായത്തിനും സര്‍ക്കാരിനും ഇടയില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുക എന്നിവയാണ് അക്കാദമിയുടെ പ്രധാന പ്രവര്‍ത്തന ലക്ഷ്യങ്ങള്‍.

തെരഞ്ഞെടുക്കപ്പെട്ട ലോക സിനിമകളുടെ പ്രദര്‍ശനത്തോടൊപ്പം, ചലച്ചിത്ര സംവാദങ്ങളും സംഘടിപ്പിച്ചുകൊണ്ട് സംസ്ഥാന ചലച്ചിത്ര അക്കാദമി മുതല്‍ നടത്തുന്ന ചലച്ചിത്രമേളയാണ് 'കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം' (IFFK). ഏഷ്യയിലെ തന്നെ മികച്ച ചലച്ചിത്രമേളയായാണ് ഇതറിയപ്പെടുന്നത്. തിരുവനന്തപുരത്ത് ഡിസംബറിലാണ് ഈ മേള സംഘടിപ്പിക്കപ്പെടുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ദേശീയ ചലച്ചിത്രോത്സവവും അക്കാദമി സംഘടിപ്പിക്കുന്നുണ്ട്. എല്ലാവര്‍ഷവും ജൂണ്‍ മാസത്തില്‍ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയും ശ്രദ്ധേയമാണ്. സംസ്ഥാന ചലച്ചിത്ര, ടെലിവിഷന്‍ അവാര്‍ഡുകള്‍ക്കു പുറമേ ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്കാരവും അക്കാദമി എല്ലാവര്‍ഷവും നല്‍കിവരുന്നു.

ലോക-ഇന്ത്യന്‍ സിനിമാ ക്ലാസ്സിക്കുകളുടെ വിപുലമായ ഒരു ശേഖരം, അക്കാദമിയിലുണ്ട്. മലയാള സിനിമയുടെ നാഴികക്കല്ലുകള്‍, ആര്‍ക്കൈവ്സ് എന്നിവകൂടി ഉള്‍പ്പെടുത്തിയിട്ടുള്ള ഫിലിം മ്യൂസിയം ലോക സിനിമകളുടെ പ്രിന്റുകളാല്‍ സമ്പന്നമാണ്. സിനിമാസംബന്ധിയായ പുസ്തകങ്ങളും അക്കാദമി പ്രസിദ്ധീകരിക്കുന്നുണ്ട്. മലയാളസിനിമയില്‍ ഗവേഷണം നടത്താന്‍ അക്കാദമി പ്രതിവര്‍ഷം 5 ഫെലോഷിപ്പ് ഗ്രാന്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിയെറ്ററുകളില്‍ നിന്നും ലഭിക്കുന്ന സേവനനികുതി ഉപയോഗിച്ച് സിനിമാ കലാകാരന്മാര്‍ക്ക് ചലച്ചിത്ര അക്കാദമി പെന്‍ഷന്‍ നല്‍കിവരുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍